ചണ്ഡീഗഢ്: രാജ്യസഭാ എംപി ഹർഭജൻ സിംഗിന്റെ സുരക്ഷ പിൻവലിച്ച നടപടിയിൽ പഞ്ചാബ് സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. ഹർഭജൻ സിംഗിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ആം ആദ്മി പാർട്ടി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഹർഭജൻ സിംഗും മറ്റ് ആറ് ആം ആദ്മി പാർട്ടി രാജ്യസഭാ എംപിമാരും അടുത്തിടെ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് സുരക്ഷ പിൻവലിക്കാനുള്ള നീക്കമുണ്ടായത്. ബിജെപിയിൽ ചേർന്നതിന് ശേഷം തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും എന്നാൽ സർക്കാർ സുരക്ഷ പിൻവലിക്കുകയാണെന്നും കാണിച്ച് അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.
ഈ വിഷയത്തിൽ രാഷ്ട്രീയ വിവേചനം പാടില്ലെന്നും ജനപ്രതിനിധികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി നിരീക്ഷിച്ചു. ബിജെപിയിലേക്ക് ചേക്കേറിയ മറ്റ് എംപിമാരുടെ സുരക്ഷാ കാര്യത്തിലും ഈ ഉത്തരവ് നിർണായകമാകും.